കരകൗശല ഉല്‍പ്പന്നങ്ങള്‍ക്ക് 4000 ചതുരശ്രഅടിയില്‍ അതിമനോഹരമായ വിപണനകേന്ദ്രം തിരുവനന്തപുരത്ത് ഒരുങ്ങി.

കരകൗശല വികസന കോര്‍പ്പറേഷന്റെ തിരുവനന്തപുരം എസ്.എം.എസ്.എം ഇന്‍സ്റ്റിറ്റ്യൂട്ടിനോട് ചേര്‍ന്ന് പണിതീര്‍ത്ത സെന്റിനറി ബില്‍ഡിംഗിലാണ് ദേശീയ നിലവാരത്തില്‍ സ്ഥിരം പ്രദര്‍ശന വുപണന വേദി സജ്ജമാക്കിയത്.ഓരോ മാസവും വ്യത്യസ്ത പ്രമേയത്തിലധിഷ്ഠിതമായി പ്രദര്‍ശന വിപണന മേള ഒരുക്കുന്നതിനും സൗകര്യമുണ്ട്. ക്രാഫ്റ്റ്സ് വില്ലേജ് മാതൃകയില്‍ കരകൗശല ഉല്‍പന്നങ്ങളുടെ നിര്‍മ്മാണവും പ്രദര്‍ശനവും വില്‍പനയും ഒരു കുടക്കീഴില്‍ ഒരുക്കും. കേരളത്തിലെ മണ്‍മറഞ്ഞുകൊണ്ടിരിക്കുന്ന കലാരൂപങ്ങള്‍ തീര്‍ക്കുന്ന കലാകാരന്‍മാര്‍ക്കായി പ്രത്യേക വില്‍പന സൗകര്യം നല്‍കും. ആര്‍ട്ട്-ആര്‍ട്ടിസ്റ്റ്- സെയില്‍ എന്ന ആശയത്തില്‍ ആഴ്ചതോറും പ്രത്യേക വില്‍പന മേള നടത്തും. ഓരോ മാസവും ക്ഷണിച്ചുവരുത്തുന്ന ചിത്രകാരന്‍മാര്‍ക്ക് പെയിന്റിംഗ് പ്രദര്‍ശനവും വില്‍പനയും നടത്താനും സൗകര്യം ഒരുക്കും. വിനോദസഞ്ചാര മേഖലയുമായി കൈകോര്‍ത്താണ് വില്‍പ്പന കേന്ദ്രം ഒരുക്കിയത്. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക തനിമകളുടെ സമന്വയം ഉറപ്പാക്കിക്കൊണ്ട് നിര്‍മ്മിച്ച പവലിയന്‍ വിവിധ കരകൗശല ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്ന ദക്ഷിണേന്ത്യയിലെ ഏക വില്‍പ്പന കേന്ദ്രമായി മാറും. ഭൗമസൂചിക പദവി നേടിയ കരകൗശല, കൈത്തറി ഉല്‍പന്നങ്ങള്‍, ആറന്‍മുള കണ്ണാടി, കാസര്‍ഗോഡ് സാരി, മദ്ധളം, കണ്ണൂര്‍ ഫര്‍ണിഷിംഗ് എന്നിവയ്ക്കായി പ്രത്യേകം സൗകര്യം ഒരുക്കും. മരത്തടി, വെങ്കലം, ഓട്, അലുമിനിയം, ബ്ളാക്ക് മെറ്റല്‍, ടെറാക്കോട്ടാ, പ്രകൃതിദത്ത നാരുകള്‍, ചിരട്ട, കയര്‍, മുള തുടങ്ങിയവയില്‍ നിര്‍മ്മിക്കുന്ന ശില്‍പ്പങ്ങള്‍, അലങ്കാര വസ്തുക്കള്‍, ഗിഫ്റ്റ് ഉല്‍പ്പന്നങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവ ഇവിടെ വിപണനത്തിനായി സജ്ജമാക്കും. ഒപ്പം കഥകളി, തെയ്യം തുടങ്ങിയ കേരളത്തിന്റെ തനതായ നൃത്തരൂപങ്ങളുടെ പ്രത്യേക പവലിയനും ഉണ്ടാകും.

%d bloggers like this: