ചെറുകിട വ്യവസായം പൊളിക്കാനുള്ള വഴികൾ
മനോഹരമായ കരകൗശല വസ്തു ഉത്പാദിപ്പിക്കുന്ന ചെറുകിട വ്യവസായിയെ ബിടുബി മീറ്റിൽ കണ്ട വിദേശ ബയർ വലിയൊരു ഓർഡർ തന്നാൽ സ്ഥിരമായി സപ്ലൈ ചെയ്യാമോ എന്ന് ചോദിച്ചു പോയി.
എന്തോ അപമാനിച്ച പോലെയായിരുന്നു ചെറുകിട വ്യവസായിയുടെ പ്രതികരണം. അത്രക്കൊന്നും തരാൻ പറ്റില്ല, അതിനും വേണ്ടി ഉൽപാദനമില്ല, താൻ വേറെ പണി നോക്കി എന്ന മട്ടിലുള്ള മറുപടി കേട്ട് ബയർ സ്ഥലംവിട്ടു. ബിടുബി മീറ്റ് സംഘാടകർ കഥയറിഞ്ഞിട്ട് വ്യവസായിയേയും ബയറേയും അടുപ്പിക്കാൻ നോക്കിയെങ്കിലും ഇക്കുറി ബയർ ഒരിടപാടും വേണ്ടെന്ന കടുത്ത നിലപാടിലേക്കു മാറിയിരുന്നു .
മലയാളി ചെറുകിട വ്യവസായികളെ പറ്റി പുറത്തുള്ളവർക്കുള്ള പരാതികളിൽ ഒന്നാണിത്. വേണേ വാങ്ങിക്കോ ഇത്രയൊക്കെ പറ്റൂ എന്ന മട്ടിലുള്ള പെരുമാറ്റം. ഇതുൾപ്പെടെ ഒരു ചെറുകിട വ്യവസായം പൊളിച്ചെടുക്കാൻ എട്ടു കാരണങ്ങൾ നിരത്തി പുസ്തകം ഇറങ്ങിയിട്ടുണ്ട്. എങ്ങനെ വ്യവസായം നടത്തി നശിപ്പിക്കാതിരിക്കാം എന്നാണു പേര്.
ആനന്ദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെൻറ് ഫാക്കൽറ്റി അംഗം എസ്.ജെ ഫൻസാൽക്കർ എഴുതിയ പുസ്തകത്തിലെ കേസ് സ്റ്റഡികൾ വായിക്കുമ്പോൾ നമ്മുടെ നമ്മുടെ പല വ്യവസായികളുടെയും ആത്മകഥ പോലെ തോന്നുമെന്ന് മലയാളത്തിലേക്കു തർജമ ചെയ്ത ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രൈസ് കൾച്ചറിലെ ജോസ് സെബാസ്റ്റ്യൻ പറഞ്ഞു.
വ്യവസായം പൊളിയാൻ ഉള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് എന്ന് നോക്കാം
- ആകെ ഒരു ബയർക്കു വേണ്ടിമാത്രം ഉൽപാദനം: ഐടിക്കാർക്കാണ് ആണ് ഈ കയ്യബദ്ധം സ്ഥിരമായി പറ്റുന്നത്. അമേരിക്കയിലെ ഒരു കസ്റ്റമറായിരിക്കും സർവ്വ സോഫ്റ്റ്വെയറും വാങ്ങുന്നത്. ആ കമ്പനി പൊളിഞ്ഞാൽ അല്ലെങ്കിൽ മറ്റാരെങ്കിലും വിലക്ക് എടുത്താൽ അതോടെ പൂട്ടുന്ന സ്ഥിതി വരും. കസ്റ്റമർ മാത്രമല്ല, ഉത്പന്നവും അതു വിൽക്കുന്ന സ്ഥലവും പലതാകണം.
- കൊക്കിൽ കൊള്ളാവുന്നതിലേറെ കൊത്തുക: പലപ്പോഴും പുതിയ തലമുറ വരുമ്പോഴാണ് പ്രശ്നം.അച്ഛന്റെ ബിസിനസ് പോരാ എന്ന തോന്നലോടെ മകൻ മറ്റാരെയോ കണ്ടു അനുകരിച്ച് വ്യവസായ സാമ്രാജ്യമുണ്ടാക്കാൻ പുറപ്പെടും. ഉത്പാദന ശേഷി കൂട്ടി, ഒരുപാട് അസംസ്കൃത വസ്തു വാങ്ങി വെക്കും, ഷട്ടർ വീഴാൻ അധികം താമസമില്ല.
- ബ്ലേഡ് പലിശക്ക് വായ്പയെടുത്ത് വ്യവസായം നടത്തുക: പത്രങ്ങളിൽ പടവും വാർത്തയും വരുത്തുന്ന പരിപാടിയാണിത്. പൊളിഞ്ഞാൽ കൂട്ട ആത്മഹത്യ. അണ്ണാ, വ്യവസായത്തിൽ നിന്നും എത്ര ലാഭം കിട്ടും? 15% 20? ബ്ലേഡ്ഡുകാരുടെ മൂന്നുരൂപ പലിശ എത്രയാണെന്നാ? മാസം 3%, 36% എങ്ങനെ മുതലാകും? 5 രൂപ പലിശ എന്നാൽ 60%. കമ്പ്യൂട്ടർ പലിശയെന്ന പേരിൽ 10 രൂപ പലിശയുമുണ്ട്. വർഷം 120%. വ്യവസായി കുത്തുപാള കൂടെ കരുതിക്കോണം
- ടാക്‌സ്: വേറെ ചിലരുണ്ട്, ജി.സ്.റ്റി, എക്സൈസ് ഡ്യൂട്ടി കൊടുക്കുന്നത് ഒഴിവാക്കുകയാണിവരുടെ ഇവരുടെ ജീവിതലക്ഷ്യമെന്നു തോന്നും. കണക്കും കുന്തവുമൊന്നും കാണില്ല. കണക്കെഴുതി വെക്കുന്നതും നികുതി കൊടുക്കുന്നതും മണ്ടത്തരമായി കരുതും. പക്ഷേ പലയിടത്തും കൈക്കൂലി കൊടുത്തു മുടിയും. ബാങ്കിൽ നിന്നും കടം കിട്ടില്ല. വ്യവസായം വളരുകയുമില്ല.
- ചറ പറ കമ്പനികൾ: നികുതി കൊടുക്കാതിരിക്കാനായി മനപ്പൂർവ്വം തീരെ ചെറുകിടയാക്കി വ്യവസായത്തെ നിലനിർത്തുന്ന ഏർപ്പാടാണിത്. അങ്ങനെ വലിപ്പം കുറച്ചുകാണിക്കാൻ നിരവധി കടലാസ് കമ്പനികളുണ്ടാക്കും. ഇവക്ക് സാമ്പത്തിക വിശ്വാസ്യത കാണില്ല. ബാങ്ക് കടത്തിനു പകരം ബ്ലേഡ് കടമെടുക്കേണ്ടി വരും.
- വിപണനത്തിലെ വിഡ്ഢിത്തം: ആദ്യം പറഞ്ഞ ഉദാഹരണം ഇതിന്ടെ ആണ്.
- യോഗ്യത ഇല്ലാത്തവരെ ജോലിക്കെടുക്കുക: ഓച്ചാനിച്ച് നിൽക്കുന്നവരെ മാത്രമേ ജോലിക്കെടുക്കൂ. അല്ലെങ്കിൽ വല്ല ബന്ധുക്കളുടെയോ കൂട്ടുകാരുടെയോ ശുപാര്ശവച്ചു ആളെ എടുക്കും. ഒരു എം.ബി.എക്കാരന്റെ ശമ്പളം കൊടുക്കാതിരിക്കാൻ നാല് ബിഎക്കാരെ വയ്ക്കും. പണി അറിയത്തുമില്ല കമ്പനിക്ക് നഷ്ടവും വരുത്തും.
- പദ്ധതി ആസൂത്രണത്തിലെ പിഴവുകൾ: ആർക്കും വേണ്ടാത്തഉത്പന്നങ്ങളുണ്ടാക്കുക. ഉൽപാദന ചെലവ് കൂടുതലാവുക. വിപണനം അറിയാതിരിക്കുക. ഇതൊക്കെ ഈ വിഭാഗത്തിൽപ്പെടും.
പുസ്തകത്തിലില്ലാത്ത ഒരു കാരണം കൂടി പറയാം ഷോ കാണിക്കൽ! ബാങ്ക് വായ്പ്പയെടുത്ത് അതിൽ നിന്നു 10-12 ലക്ഷം മുടക്കി ലാൻസറോ സ്കോഡയോ വാങ്ങും വ്യവസായം സ്വാഹാ…!!