വ്യവസായ വകുപ്പിന് കീഴില്‍ കിന്‍ഫ്രയുടെ നേതൃത്വത്തില്‍ പാലക്കാട് പൂര്‍ത്തിയായ സംസ്ഥാനത്തെ ആദ്യ മെഗാ ഫുഡ് പാര്‍ക്ക് നാടിന് സമര്‍പ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഭക്ഷ്യസംസ്‌കരണമന്ത്രി നരേന്ദ്ര സിംഗ് തോമറും സംയുക്തമായി ഉദ്ഘാടനം നിര്‍വഹിച്ചു. കാര്‍ഷിക വിഭവങ്ങളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി അതിലൂടെ കാര്‍ഷിക മേഖലയുടെ സംരക്ഷണം ഉറപ്പാക്കുന്ന വന്‍കിട പദ്ധതിയാണ് മെഗാ ഫുഡ് പാര്‍ക്ക്. ഭക്ഷ്യ സംസ്‌കരണത്തിനുള്ള അത്യാധുനിക സൗകര്യങ്ങളായ സംഭരണപ്പുരകള്‍, ശീതീകരണത്തിനും പഴുപ്പിക്കാനുമുള്ള സംവിധാനങ്ങള്‍, പാക്കിംഗ് കേന്ദ്രം, സുഗന്ധദ്രവ്യങ്ങളുടെ സംസ്‌കരണ കേന്ദ്രം, ഗുണനിലവാര നിയന്ത്രണ ലബോറട്ടറി, സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറികള്‍, വ്യാവസായിക ഭൂമി തുടങ്ങിയവയെല്ലാം ഒറ്റ കേന്ദ്രത്തില്‍ ലഭ്യമാണ്. പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങുന്നതോടെ രണ്ടര ലക്ഷത്തോളം കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും. 4,500 ഓളം പേര്‍ക്ക് നേരിട്ടും 10,000ത്തോളം പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കുന്നതാണ് പദ്ധതി. 102.13 കോടി രൂപാ ചെലവില്‍ നിര്‍മ്മിച്ച ഫുഡ്പാര്‍ക്ക് 79.42 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്നു. 38.81 കോടി രൂപയാണ് പദ്ധതിക്ക് ലഭിച്ച കേന്ദ്ര സഹായം. ബാക്കി തുക സംസ്ഥാന സര്‍ക്കാര്‍ വിഹിതവും നബാര്‍ഡില്‍ നിന്നുള്ള വായ്പയുമാണ്. പാലക്കാട്ടെ കേന്ദ്ര യൂണിറ്റിന് അനുബന്ധമായി നാല് പ്രൈമറി സംസ്‌കരണ കേന്ദ്രങ്ങള്‍ എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ പ്രവര്‍ത്തിക്കും.50 ഓളം യൂണിറ്റുകളെയാണ് ഈ ഫുഡ്പാര്‍ക്കില്‍ പ്രതീക്ഷിക്കുന്നത്. ഇതിനകം 30 യൂണിറ്റുകള്‍ക്ക് ഇവിടെ ഭൂമി അനുവദിച്ചുകഴിഞ്ഞു. രണ്ട് യൂണിറ്റുകളുടെ പ്രവര്‍ത്തനവും ആരംഭിച്ചു. 11 യൂണിറ്റുകള്‍ നിര്‍മാണഘട്ടത്തിലാണ്. സംരംഭകര്‍ക്ക് 30 വര്‍ഷത്തേക്ക് പാട്ടത്തിനാണ് ഭൂമി നല്‍കുക. 90 വര്‍ഷം വരെ ഇവ പുതുക്കാം.