കോവിഡ് കാലം വ്യവസായ ശാലകള്‍ തുറക്കാൻ 16 സുരക്ഷാ നിര്‍ദ്ദേശങ്ങള്‍
കോവിഡ് അടച്ചിടലിൻറെ ഭാഗമായി പ്രവർത്തനം നിർത്തിവെച്ച വ്യവസായ ശാലകൾ തുറന്ന് പ്രവർത്തിക്കുമ്പോൾ കർശനമായ സുരക്ഷാ പരിശോധനകൾ നടത്തണമെന്ന് സംസ്ഥാന ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ്. ഇതിനായി പതിനാറ് സുരക്ഷാ നിർദ്ദേശങ്ങൾ അടങ്ങുന്ന പ്രത്യേക സർക്കുലർ വകുപ്പ് പുറത്തിറക്കി. അടച്ചിടൽ കാലത്ത് വ്യവസായ യൂണിറ്റുകൾക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നെങ്കിലും വിശാഖ പട്ടണത്തെ എൽജി പോളിമർ പ്ലാൻറിൽ വിഷവാതക ചോർച്ച ഉണ്ടായ സാഹചര്യത്തിലാണ് പുതിയ സുരക്ഷാ നിർദ്ദേശങ്ങളെന്ന് സർക്കുലറിൽ പറയുന്നു.
ഏറെ നാൾ അടച്ചിട്ടതുമൂലം ഉണ്ടാകാൻ ഇടയുള്ള അപകടസാധ്യതകൾ എല്ലാം പരിശോധിച്ച് സുരക്ഷിതമായ പ്രവർത്തനത്തിനുള്ള നടപടിക്രമം(എസ്ഒപി) തയ്യാറാക്കുകയും അത് കർശനമായി പാലിക്കുകയും വേണം. ഫാക്ടറി കെട്ടിടങ്ങളിൽ ആളുകളെ പ്രവേശിപ്പിക്കുന്നതിന് മുമ്പ് മതിയായ വായു സഞ്ചാരമുണ്ടാക്കുകയും ഇത് ഉത്തരവാദിത്തപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥൻ പരിശോധിച്ച് ഉറപ്പുവരുത്തുകയും വേണം.
ഫാക്ടറികൾ പ്രവർത്തിപ്പിച്ച് തുടങ്ങുന്നത് സാങ്കേതിക പരിശീലനം നേടിയ വിഗദ്ധരുടെ മേൽനോട്ടത്തിലായിരിക്കണം. വിഷവാതകങ്ങളുടെ സാന്നിദ്ധ്യത്തിനൊ ചോർച്ചയ്ക്കോ സാധ്യയുള്ളതിനാൽ പ്രാഥമിക ശുചീകരണം നടത്തുന്നവരടക്കമുള്ള തൊഴിലാളികൾ വ്യക്തിസുരക്ഷാ കിറ്റ് (പിപിഇ) ധരിക്കണമെന്നും എല്ലാ വ്യവസായ ശാലകളും വീണ്ടും തുറന്ന് പ്രവർത്തിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ച് വിശദമായ റിപ്പോർട്ട് ബന്ധപ്പെട്ട പരിശോധനാ ഉദ്യോഗസ്ഥന് നൽകണമെന്നും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡയറക്ടറുടെ അറിയിപ്പിൽ പറയുന്നു.
വ്യവസായ ശാലകൾക്കുള്ള മറ്റ് പ്രധാന സുരക്ഷാ നിർദ്ദേശങ്ങൾ :
മണ്ണിന് അടിയിലും പുറത്തുമുള്ള എല്ലാ സംഭരണ ടാങ്കുകളിലും അമിത മർദ്ദമോ വിഷവാതക ചോർച്ചയോ ഇല്ലെന്ന് ഉറപ്പാക്കണം.
എല്ലാ സംഭരണ ടാങ്കുകളിലെയും പൈപ്പ് ലൈനിലെയും മറ്റും സുരക്ഷാ വാൽവുകൾ, പ്രഷർ വാൽവുകൾ, ലവൽ ഗേജ് തുടങ്ങിയ എല്ലാ സുരക്ഷാ സംവിധാനങ്ങളും ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കണം.
പൈപ്പ് ലൈനുകളിൽ ഉണ്ടാകാൻ ഇടയുള്ള വിഷപ്പുകയും ബാഷ്പവും നിർവീര്യമാക്കി പുറന്തള്ളുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണം.
വിഷവാതകവും തീപിടിക്കാൻ സാധ്യതയുള്ള വാതകവും തിരിച്ചറിയുന്നതിന് അടക്കമുള്ള എല്ലാ സെൻസറുകളും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
വൈദ്യുത ഉപകരണങ്ങളും കേബിളുകളും സുരക്ഷിതമാണെന്നും ഇഎൽസിബി, എംസിബി പോലുള്ള സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാണെന്നും ഉറപ്പു വരുത്തണം.
ലിഫ്റ്റുകൾ, ക്രെയ്നുകൾ തുടങ്ങിയവയുടെ കേബിളുകൾ സുരക്ഷിതമാണോയെന്ന് പരിശോധിയ്ക്കണം.
കടപ്പാട്