ടിഡിഎസ് കുറച്ചതുകൊണ്ട് ആര്‍ക്കും നേട്ടമില്ല……
ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസമാണ് ആദ്യഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിനൊപ്പം ടിഡിഎസ്, ടിസിഎസ് എന്നിവയില്‍ 25 ശതമാനം കിഴിവ് നല്‍കുന്നതായി പ്രഖ്യാപിച്ചത്. തല്‍ക്കാലത്തേയ്ക്ക് ജനങ്ങള്‍ക്കിടയില്‍ പണലഭ്യത ഉറപ്പാക്കാന്‍ മാത്രമേ ഇത് ഉപകരിക്കൂ ;ടിഡിഎസും ടിസിഎസും പിടിച്ചില്ലെങ്കിലും സ്ലാബ് അനുസരിച്ച് ആദായനികുതി നല്‍കാന്‍ ഓരോ വ്യക്തിയുടെയും ബാധ്യസ്ഥനാണ്. ഭാവിയില്‍ കുറവു വരുത്തിയ 25ശതമാനം തിരിച്ചടയ്‌ക്കേണ്ടിവരും. ടിഡിഎസ് 25 ശതമാനം കുറച്ചതിലൂടെ 10 ശതമാനത്തില്‍നിന്ന് 7.5 ശതമാനമായി തുക കുറയുമെന്നത് വാസ്തവമാണ്. എന്നാല്‍ ഇപ്പോള്‍ കുറച്ച 2.5 ശതമാനം തുകകൂടി അധികമായി ആദായ നികുതി നല്‍കേണ്ടിവരും. അത് ഭാവിയില്‍ ബാധ്യതകൂട്ടും. ഉദാഹരണം നോക്കാം സ്ഥിര നിക്ഷേപത്തിന് നടപ്പ് സാമ്പത്തികവര്‍ഷം 50,000 രൂപ പലിശ ലഭിച്ചെന്നിരിക്കട്ടെ. 10 ശതമാനം ടിഡിഎസ് ഈടാക്കി ബാക്കിയുള്ള തുകയാണ് ബാങ്കുകള്‍ നിക്ഷേപകന് നല്‍കുക. 2020 മെയ് 14ന് നിലവില്‍വന്ന പുതുക്കിയ നിരക്ക് പ്രകാരം 7.5ശതമാനമാണ് ബാങ്കുകള്‍ ഈടാക്കുക. ഇതുപ്രകാരം 3,750 രൂപ കിഴിവ് ചെയ്തശേഷമാകും പലിശ നല്‍കുക. അതായത് 45,000 രൂപയ്ക്കുപകരം തല്‍ക്കാലം നിങ്ങളുടെ കയ്യില്‍ 46,250 രൂപ ലഭിക്കും. എന്നാല്‍ ആദായനികുതി നല്‍കേണ്ട സമയത്ത് കിഴിവുചെയ്ത ഈതുകകൂടി കൂട്ടി അടയ്‌ക്കേണ്ടിവരും. പത്തുശമതാനം നികുതി സ്ലാബിലുള്ളവര്‍ കൂടുതലായി അടയ്‌ക്കേണ്ടിവരിക 2.5 ശതമാനം തുകയാണ്. 20 ശതമാനം സ്ലാബിലുള്ളവരാകട്ടെ ലഭിച്ച പലിശയിന്മേല്‍ 12.5ശതമാനം അധിക തുകയാകും നല്‍കേണ്ടിവരിക. പലിശയ്ക്ക് ബാധകമായ ആദായ നികുതി നിയമത്തില്‍മാറ്റംവരുത്താത്തിടത്തോളം ആത്യന്തികമായി ഇതിന്റെ ഗുണം വ്യക്തികള്‍ക്ക് ലഭിക്കില്ല. മ്യൂച്വല്‍ ഫണ്ട്, ഓഹരി, വാടക വരുമാനം എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാണ്. മ്യൂച്വല്‍ ഫണ്ടുകളില്‍നിന്നും ഓഹരി നിക്ഷേപത്തില്‍നിന്നും ലഭിക്കുന്ന ലാഭവിഹിതം വര്‍ഷത്തില്‍ 5000 രൂപയ്ക്കുമുകളിലാണെങ്കില്‍ 10ശതമാനം ടിഡിഎസ് കമ്പനികള്‍ ഈടാക്കി സര്‍ക്കാരിലേയ്ക്കടയ്ക്കും. അതുകഴിച്ചുള്ള ബാക്കി തുകയാണ് നിക്ഷേപകന് നല്‍കുക. ഇത് 7.5 ശതമാനമായി കുറയുമെങ്കിലും പിന്നീട് കുറച്ച തുകകൂടി കൂട്ടി അടയ്‌ക്കേണ്ടി വരുമെന്ന് ചുരുക്കം.
കടപ്പാട്