സംരംഭത്തിലേക്കിറങ്ങും മുമ്പ്
ഒരു സൂക്ഷ്മ, ചെറു സംരംഭം ആരംഭിക്കുന്നതിനു തയ്യാറെടുക്കുന്ന സംരംഭകര്‍ ചില പ്രധാന കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. സ്വയം വിശകലനംചെയത് ഏതു മേഖലയിലാണ് താല്‍പ്പര്യമെന്ന് സ്വയം തീരുമാനിക്കുക. ഉല്‍പ്പാദനമേഖലയിലും സേവന മേഖലയിലും സംരംഭം ആരംഭിക്കാം. താരതമ്യേന റിസ്ക് കൂടുതല്‍ ഉല്‍പ്പാദന മേഖലയിലാണ്. തെരഞ്ഞെടുത്ത വിഭാഗത്തില്‍നിന്ന് ഏറ്റവും അനുയോജ്യമായ ഒരു പദ്ധതി മനസ്സില്‍ കരുതി നിരവധി പേരുമായി ആശയവിനിമയം നടത്തി, വിപണിസര്‍വേ, മറ്റു വിവരശേഖരണം, ആവശ്യമായ ഗൃഹപാഠം എന്നിവ നടത്തിയശേഷം മാത്രം അവസാന തീരുമാനത്തിലെത്തുക.
അതോടൊപ്പംതന്നെ അതിനുള്ള സാങ്കേതിക സഹായം എവിടെനിന്നെല്ലാം ലഭിക്കുമെന്നും ധനകാര്യം, വിപണന പിന്തുണ, ലൈസന്‍സുകള്‍, സര്‍ക്കാരിന്റെ പോളിസികള്‍ എന്നിവയെപ്പറ്റിയും പഠനം നടത്തണം. സംരംഭം ആരംഭിക്കുന്നതിന് അടിസ്ഥാനസൗകര്യങ്ങളെല്ലാമുള്ള സ്ഥലം കണ്ടുപിടിക്കണം. സംരംഭം ഒറ്റയ്ക്കോ, രണ്ടോ അതില്‍ കൂടുതല്‍ പേരാണെങ്കില്‍ പങ്കാളിത്ത സ്ഥാപനമായോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായോ ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പായോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായോ, ചാരിറ്റബിള്‍ സൊസൈറ്റിയായോ ആരംഭിക്കാം. പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആരംഭിക്കുന്നതിന് ക്രമവും പണച്ചെലവും അധികമാണ്.
ഇത് കമ്പനിയായി രജിസ്റ്റര്‍ചെയ്യുന്നതിന് രജിസ്ട്രാര്‍ ഓഫ് കമ്പനീസിനെയാണ് സമീപിക്കേണ്ടത്. കമ്പനിനിയമത്തില്‍ മാസംതോറും ബോര്‍ഡ് മീറ്റിങ്ങുകള്‍, വാര്‍ഷിക പൊതുയോഗം എന്നിവ നിര്‍ബന്ധമായും നടത്തണം. അതുമായി ബന്ധപ്പെട്ട നിയമങ്ങളെപ്പറ്റി വിശദമായി സംരംഭകന്‍ അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ ഒരു കണ്‍സള്‍ട്ടന്റിന്റെ സേവനം തേടണം. ഏതു വ്യവസായമാണ് ആരംഭിക്കുന്നതെന്ന് തീരുമാനിച്ചശേഷം വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കണം. ഈ പ്രോജക്ടിന് എവിടെനിന്നെല്ലാം സാങ്കേതിക സഹായം, സാമ്പത്തിക സഹായം, വിപണന സഹായം എന്നിവ ലഭിക്കുന്നുവെന്നും പഠിക്കണം. മലിനീകരണമുള്ള വ്യവസായങ്ങള്‍ വ്യവസായമേഖലയിലോ, വ്യവസായ എസ്റ്റേറ്റിലോ മാത്രമേ ആരംഭിക്കാവൂ. സിഡ്കോ, കെഎസ്ഐഡിസി, കിന്‍ഫ്ര, പ്രത്യേക സാമ്പത്തികമേഖല, സര്‍ക്കാരിന്റെ 26% ഓഹരിപങ്കാളിത്തമുള്ള ഇന്‍കെല്‍, കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റ് എന്നിവരെയാണ് സ്ഥലത്തിനും കെട്ടിടത്തിനുമായി സമീപിക്കേണ്ടത്. ലഭ്യത അനുസരിച്ച് സ്ഥലം അനുവദിക്കുന്നതാണ്.
കടപ്പാട് ദേശാഭിമാനി