Startups

ചെറു സംരംഭങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍

ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങള്‍ക്ക് ഇക്കാലത്ത് എല്ലാമേഖലകളിലും മുന്‍ഗണന നല്‍കാറുണ്ട്. ഇത്തരം ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങള്‍ സര്‍ക്കാര്‍തലത്തിലുള്ള ടെന്‍ഡറുകളിലും മറ്റും പങ്കെടുക്കുമ്പോള്‍ അര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടത്ര ശ്രദ്ധചെലുത്താറില്ല. എന്നാല്‍, ഇവ നേടിയെടുക്കുന്നതിലൂടെ മികച്ച മുന്നേറ്റത്തിന് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവസരം ലഭിക്കും. അതിനായി ചില വ്യവസ്ഥകള്‍ പാലിക്കുകയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും വേണമെന്നതാണ് പ്രധാന കാര്യം.സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പു ഡയറക്ടര്‍ അല്ലെങ്കില്‍ ജില്ലാ വ്യവസായകേന്ദ്രം സാക്ഷ്യപ്പെടുത്തിയ സൂക്ഷ്മ, ചെറുകിട സംരംഭങ്ങളെയും വ്യവസായ സഹകരണ സൊസൈറ്റികളെയും സര്‍ക്കാര്‍ വകുപ്പുകളിലേക്ക് ടെന്‍ഡര്‍ സമര്‍പ്പിക്കുമ്പോള്‍ കെട്ടിവയ്ക്കേണ്ട തുകയില്‍നിന്ന് (നിരതദ്രവ്യം) ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവുണ്ട്. ഖാദി ഗ്രാമ വ്യവസായ സഹകരണ സംഘങ്ങള്‍, രജിസ്റ്റര്‍ ചെയ്ത ചാരിറ്റബിള്‍ സൊസൈറ്റികള്‍ എന്നിവയെ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് സെക്രട്ടറി സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവയെയും സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട നിരതദ്രവ്യത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ദേശീയ ചെറുകിട വ്യവസായ കോര്‍പറേഷനില്‍ (എന്‍എസ്ഐസി) രജിസ്റ്റര്‍ചെയ്ത സൂക്ഷ്മ, ചെറു, ഇടത്തരം സംരംഭങ്ങളെയും കോര്‍പറേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കേഷന്റെ അടിസ്ഥാനത്തില്‍ ഇതില്‍നിന്ന് ഒഴിവാക്കും. എന്‍എസ്ഐസിയില്‍ രജിസ്റ്റര്‍ചെയ്ത ഇത്തരം യൂണിറ്റുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും നിരതദ്രവ്യത്തിന്റെ കാര്യത്തില്‍ ഈആനുകൂല്യം ലഭിക്കും. അതുപോലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഡിജിഎസ് ആന്‍ഡ് ഡിയില്‍ രജിസ്റ്റര്‍ചെയ്ത യൂണിറ്റുകള്‍ക്കും നിരതദ്രവ്യം അടയ്ക്കുന്നതില്‍നിന്ന് ഇളവു ലഭിക്കും. സിഡ്കോയുടെ ചെറുകിട യൂണിറ്റുകള്‍ക്കുള്ള ടെന്‍ഡറുകള്‍ക്കും ഈ ഇളവു ബാധകമാണ്. താഴെപറയുന്ന രീതിയിലുള്ള ഇളവ് കേരളത്തിലെ വ്യവസായ യൂണിറ്റുകള്‍ക്കും നല്‍കും. പ്രാദേശിക, കുടില്‍ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഈ ആനുകൂല്യം. സര്‍ക്കാര്‍ ഓഹരിയുള്ള വ്യവസായങ്ങള്‍ക്ക് 15 ശതമാനം, മറ്റു വ്യവസായങ്ങള്‍ക്ക് 10 ശതമാനം, രജിസ്റ്റര്‍ചെയ്ത സൊസൈറ്റികള്‍ക്ക് 15 ശതമാനം എന്നിങ്ങനെയാണ് ഇളവ്.പ്രാദേശികതലത്തിലുള്ള ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനായി മറ്റു ചില ഇളവുകളും നല്‍കുന്നുണ്ട്. സ്വകാര്യമേഖലയിലെ ഇടത്തരം, വന്‍കിട വ്യവസായങ്ങളെ അപേക്ഷിച്ച് അഞ്ചു ശതമാനം വില, ഐഎസ്ഐ സര്‍ട്ടിഫിക്കറ്റുള്ളവയ്ക്ക് അവ ഇല്ലാത്തവയെ അപേക്ഷിച്ച് രണ്ടുശതമാനം വില എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളും നല്‍കും.

സംസ്ഥാന സ്റ്റോര്‍ പര്‍ച്ചേസ് വകുപ്പില്‍ രജിസ്റ്റര്‍ചെയ്തവയ്ക്ക് നിരതദ്രവ്യ ഇളവ്, പെര്‍ഫോമന്‍സ് സെക്യൂരിറ്റി ഇളവ് എന്നിവ ലഭിക്കും. മത്സരാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഈ ഇളവു നല്‍കേണ്ടതില്ല. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍, ഖാദി, കിന്‍ഫ്ര, വൈദ്യുതിബോര്‍ഡ്, ജലഅതോറിറ്റി തുടങ്ങിയ ചെറുകിട യൂണിറ്റുകള്‍ക്ക് ഈ ഇളവു നല്‍കണം.പെര്‍ഫോമന്‍സ് സെക്യൂരിറ്റി ഇളവു ലഭിക്കണമെങ്കില്‍ വ്യവസായ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറില്‍ കുറയാത്ത സ്ഥാനത്തുള്ള ഉദ്യോഗസ്ഥന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഖാദി സൊസൈറ്റികളും ചാരിറ്റബിള്‍ സൊസൈറ്റികളും ഇതിനായി ഖാദി ബോര്‍ഡ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടത്.

കടപ്പാട് ദേശാഭിമാനി

error: Content is protected !!