News

സംസ്ഥാനത്തെ വസ്ത്ര നിര്‍മ്മാണ മേഖലയുടെ സ്വയംപര്യാപ്തതയ്ക്ക് വഴിവെച്ച് വിപുലമായ പ്രോസസിംഗ് യൂണിറ്റ് കണ്ണൂരില്‍ ഒരുങ്ങുന്നു.

കേരളാ സ്റ്റേറ്റ് ടെക്സ്‌റ്റൈല്‍ കോര്‍പ്പറേഷന്റെ കീഴില്‍ നാടുകാണിയിലെ കിന്‍ഫ്ര ടെക്‌സ്റ്റൈല്‍ സെന്റര്‍ ഏരിയയിലാണ് ടെക്‌സ്റ്റൈല്‍ ഡൈയിംഗ് ആന്റ് പ്രിന്റിംഗ് യൂണിറ്റ് ആരംഭിക്കുന്നത്.നിലവില്‍ ഡൈയിംഗ്, പ്രിന്റിംഗ്, ഫിനിഷിംഗ് ജോലികള്‍ക്കായി മറ്റ് സംസ്ഥാനങ്ങളെയാണ് കേരളം പ്രധാനമായി ആശ്രയിക്കുന്നത്. ഹാന്‍വീവിന്റെയും കൈത്തറി സൊസൈറ്റികളുടെയും കീഴില്‍ ചെറിയ തോതിലുള്ള പ്രോസസിംഗ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുണ്ടെങ്കിലും കേരളത്തിലെ ഉല്‍പ്പാദകരുടെ ആവശ്യം നിറവേറ്റാന്‍ ഇവ പര്യാപ്തമല്ല. ഈ പശ്ചാത്തലത്തിലാണ് ചെറുതും വലുതുമായ ഉല്‍പ്പാദകരെ ലക്ഷ്യമിട്ട് ഡൈയിംഗ് ആന്റ് പ്രിന്റിംഗ് യൂണിറ്റ് ആരംഭിക്കുന്നത്. കേരളത്തില്‍ കൈത്തറി, പവര്‍ലൂം മേഖലകള്‍ക്ക് ആശ്വാസമാകുന്നതാണ് പദ്ധതി. 10 ഏക്കര്‍ സ്ഥലത്താണ് ടെക്‌സ്റ്റൈല്‍ ഡൈയിംഗ് ആന്റ് പ്രിന്റിംഗ് യൂണിറ്റ് ഒരുങ്ങുന്നത്. ഏത് തരം തുണികളും പ്രോസസ് ചെയ്യാവുന്ന രീതിയിലാണ് നിര്‍മ്മാണം. പ്രതിദിന ഉല്‍പ്പാദനം 30,000 മീറ്റര്‍ എന്ന കണക്കില്‍ ഒരു വര്‍ഷം ശരാശരി ഒരുകോടി മീറ്റര്‍ തുണി പ്രോസസ് ചെയ്യാനാകും. ആദ്യ ഘട്ടമെന്ന നിലയില്‍ ഡിജിറ്റല്‍ പ്രിന്റിംഗ് മെഷീന്‍ ഈ വര്‍ഷം തന്നെ സ്ഥാപിക്കും. എത്ര നിറങ്ങള്‍ ഉപയോഗിച്ചും മിഴിവാര്‍ന്ന പ്രിന്റിംഗ് സാധ്യമാകും എന്നതാണ് ഇതിന്റെ പ്രത്യേകത. ഏത് തരത്തിലുള്ള ഡിസൈനുകളും പ്രിന്റ് ചെയ്യാം എന്നതും സൗകര്യമാണ്. പൂര്‍ണ്ണതോതില്‍ ഈ പദ്ധതി പ്രാവര്‍ത്തികമാകുമ്പോള്‍ ഏകദേശം 23.5 കോടി രൂപ വിറ്റുവരവ് നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 180 പേര്‍ക്ക് നേരിട്ടും മുവ്വായിത്തോളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭ്യമാക്കാന്‍ പദ്ധതി സഹായിക്കും. 25.55 കോടി ചെലവുവരുന്ന പദ്ധതിയുടെ ആദ്യ ഗഡുവായി ആറ് കോടി രൂപ അനുവദിച്ചു. 100 ദിനം 100 പദ്ധതിയുടെ ഭാഗമായി ഡൈയിംഗ് ആന്റ് പ്രിന്റിംഗ് യൂണിറ്റിന്റെ നിര്‍മ്മണോദ്ഘാടനം നടക്കും.

error: Content is protected !!