കൊച്ചിൻ ഷിപ്പ്‌യാർഡിന് അദാനി ഗ്രൂപ്പിന്റെ വൻ കരാർ
കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഉപകമ്പനിയായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (Udupi-CSL) വലിയൊരു നേട്ടം കൈവരിച്ചിരിക്കുന്നു. അദാനി ഗ്രൂപ്പിന്റെ ഓഷ്യൻ സ്പാർക്കിൾ കമ്പനിക്കായി നാല് അത്യാധുനിക ടഗ്ഗുകൾ നിർമ്മിക്കാനുള്ള കരാർ ഇവർ സ്വന്തമാക്കി.
100 കോടി മുതൽ 250 കോടി രൂപ വരെ മൂല്യമുള്ള ഈ കരാർ പ്രകാരം 70 ടൺ ശേഷിയുള്ള എഎസ്ഡി (ASD) ടഗ്ഗുകളായിരിക്കും നിർമ്മിക്കുന്നത്. കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചായിരിക്കും നിർമ്മാണം.
2028 നവംബറിൽ നിർമ്മാണം തുടങ്ങി 2029 ജൂണോടെ ടഗ്ഗുകൾ കൈമാറാനാണ് ലക്ഷ്യം. ഇന്ത്യൻ നാവികസേനയ്ക്കായി 5,000 കോടി രൂപയുടെ കപ്പൽ നിർമ്മാണ കരാറിൽ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത് ശ്രദ്ധ നേടിയ ഉടൻ തന്നെ അദാനി ഗ്രൂപ്പിൽ നിന്നുള്ള ഈ കരാർ ലഭിക്കുന്നത് കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ വളർച്ചയ്ക്ക് ശക്തമായ ഊർജ്ജം നൽകുന്നു.