സംരംഭകരെയും യുവജനങ്ങളെയും വാർത്തെടുക്കാൻ ‘സ്കിൽ കേരള’; ആഗോള ടെക് കമ്പനികളുമായി കൈകോർത്തു കേരളം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉൾപ്പെടെയുള്ള നൂതന സാങ്കേതിക മേഖലകളിൽ കേരളത്തിലെ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ലോകോത്തര നൈപുണ്യ വികസന അവസരങ്ങൾ ഒരുക്കുന്നതിനായി ‘സ്കിൽ കേരള – ഗ്ലോബൽ പാർട്ണർഷിപ്പ് ഫോർ എഐ ആൻഡ് എമർജിംഗ് ടെക്നോളജീസ്’ പദ്ധതിക്ക് തുടക്കമാകുന്നു. കേരള സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഈ പദ്ധതി വിദ്യാർത്ഥികളെയും യുവജനങ്ങളെയും ഭാവിയിലെ തൊഴിൽ സാധ്യതകൾക്കും സംരംഭകത്വ രംഗത്തേക്കും സജ്ജരാക്കുകയാണ് ലക്ഷ്യമിടുന്നത്.
കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഐസിടി അക്കാദമി ഓഫ് കേരള (ICTAK) ആണ് പദ്ധതിയുടെ നിർവഹണ ചുമതല വഹിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെയും വ്യവസായ മേഖലയെയും സംയോജിപ്പിച്ച് വിദ്യാർത്ഥികൾക്ക് ആഗോള നിലവാരത്തിലുള്ള നൈപുണ്യ പരിശീലനം, അന്തർദേശീയ സർട്ടിഫിക്കേഷനുകൾ, വ്യവസായ അധിഷ്ഠിത പഠന അവസരങ്ങൾ എന്നിവ ലഭ്യമാക്കും.
ഗൂഗിൾ, ഇന്റൽ, മോംഗോഡിബി, ഇൻഫോസിസ് സ്പ്രിംഗ്ബോർഡ്, നാസ്കോം ഫ്യൂച്ചർസ്കിൽസ് പ്രൈം (FSP) തുടങ്ങി പ്രമുഖ ആഗോള സാങ്കേതിക സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഈ പങ്കാളിത്തത്തിലൂടെ വിദ്യാർത്ഥികൾക്ക് ഏറ്റവും പുതിയ സാങ്കേതിക വിദ്യകളിൽ പരിശീലനവും വ്യവസായ ആവശ്യങ്ങൾക്കനുസരിച്ചുള്ള നൈപുണ്യ വികസനവും ഉറപ്പാക്കും.
കേരളത്തിന്റെ യുവജനശേഷിയെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെയും എഐ അധിഷ്ഠിത തൊഴിൽ മേഖലയുടെയും ആവശ്യങ്ങൾക്കനുസരിച്ച് വളർത്തിയെടുക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പായാണ് ‘സ്കിൽ കേരള’ പദ്ധതി വിലയിരുത്തപ്പെടുന്നത്. തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം പുതിയ സംരംഭങ്ങൾ രൂപപ്പെടുന്നതിനും ഈ പദ്ധതി വഴിയൊരുക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.